• admin

  • January 4 , 2020

കോഴിക്കോട് :

കോഴിക്കോട്:ഗോത്രകലകളുടെ ആഘോഷങ്ങള്‍ക്ക് കോഴിക്കോട് പ്രൗഢോജ്ജ്വല തുടക്കം. ഏഴാമത് സര്‍ഗോത്സവത്തിന് കോഴിക്കോട്ട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടിലെ പ്രധാന വേദിക്ക് മുന്നില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ പ്രസന്നന്‍ പതാക ഉയര്‍ത്തിയതോടെയാണ്  തുടക്കമായത്. പാരമ്പര്യ ഗോത്രരൂപങ്ങളും നൃത്തരൂപങ്ങളുമായി പരമ്പരാഗത ഗാനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ഇനി മൂന്നുനാള്‍ ജില്ലയില്‍ കലാവിരുന്നൊരുക്കും. സാംസ്‌കാരിക തനിമ വിളിച്ചോതി രാവിലെ ഒന്‍പത് മണിയോടെ കാരപറമ്പ് ജംഗ്്ഷനില്‍ ആരംഭിച്ച ഘോഷയാത്രയില്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നുമെത്തിയ 1500ലധികം വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ശിങ്കാരിമേളത്തിനൊപ്പം മയിലാട്ട സംഘമാണ് വര്‍ണശബളമായ ഘോഷയാത്രയുടെ മുന്‍നിരയെ ആകര്‍ഷകമാക്കിയത്. കോല്‍ക്കളി, തിരുവാതിരക്കളി, ബാന്റ് സംഘം, എന്നിവയും അണിനിരന്നു. വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ മേഖലകളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ മേളക്ക് എത്തിയിട്ടുണ്ട്. സീനിയര്‍ വിഭാഗത്തില്‍ 19 ഇനങ്ങളിലും ജൂനിയര്‍ വിഭാഗത്തില്‍ 12 ഇനങ്ങളിലുമാണ് മത്സരം. മത്സരത്തിനെത്തുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കും 14 സെന്ററുകളിലായി താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാനാഞ്ചിറ, സരോവരം, കാപ്പാട്, ബേപ്പൂര്‍, തുഷാരഗിരി എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഖ്യവേദിയായ മാനാഞ്ചിറയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നാടോടി നൃത്തത്തോടു കൂടിയാണ് അരങ്ങുണര്‍ന്നത്. ഗോത്ര സംസ്‌കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന പരമ്പരാഗത നൃത്തമാണ് ഇന്ന് മേളയിലെ മുഖ്യ ഇനം.