• Lisha Mary

  • April 2 , 2020

മുംബൈ : ജനസാന്ദ്രത വളരെയേറിയ മുംബൈ ധാരാവി ചേരി മേഖലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ 52കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്നത് വര്‍ളി മേഖലയിലാണ്. എന്നാല്‍ ഇദ്ദേഹത്തിന് ശുചീകരണ ചുമതല നല്‍കിയിരുന്നത് ധാരാവിയില്‍ ആണെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് അന്‍പത്തിയാറുകാരന്‍ മരിച്ചത്. സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 56കാരന്റെ കുടുംബാംഗങ്ങളായ 10 പേരെ സമ്പര്‍ക്കവിലക്കില്‍ നിര്‍ത്തിയിട്ടുണ്ട്. രോഗബാധിതന്‍ താമസിച്ച കെട്ടിടം അടച്ചുപൂട്ടി. ഇവിടുത്തുകാര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കുകയാണ്. ധാരാവി ചേരി മേഖലയില്‍ 613 ഹെക്ടര്‍ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കോവിഡ് വ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കുമെന്നതിനാല്‍ അധികൃതര്‍ കനത്ത ജാഗ്രതയിലാണ്. മുംബൈ നഗരം രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 320 കോവിഡ് കേസുകളില്‍ പകുതിയും മുംബൈ നഗരത്തിലാണ്.