• admin

  • March 4 , 2020

മാനന്തവാടി : 'ഇലക്ട്രോണിക് ഡിജിറ്റല്‍ ഇന്ത്യ'' എന്ന ലക്ഷ്യത്തോടെ സ്വയം സഹായ സംഘങ്ങള്‍ക്കു വേണ്ടി നടത്തുന്ന നബാര്‍ഡ് ഈ ശക്തി പദ്ധതി പദ്ധതിയുടെ ഔപചാരികമായ ഉദഘാടനവും പരിശീലനവും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്നു. കേന്ദ്ര സര്‍ക്കാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സാധാരണ ജനങ്ങളും തമ്മില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. സ്വാശ്രയ സംഘങ്ങളുടെ മുഴുവന്‍ വിവിരങ്ങളും ഡിജിറ്റലൈസ് ചെയ്യുക, ആവശ്യമായ മുഴുവന്‍ റിപ്പോര്‍ട്ടുകളും മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കുക, സ്വാശ്രയ സംഘങ്ങളുടെ റിപ്പോര്‍ട്ട് യഥാസമയം അംഗങ്ങള്‍ക്ക് മെസ്സേജ് വഴി ലഭ്യമാക്കുക, ബാങ്കുകള്‍ ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് യഥാസമയം റിപ്പോര്‍ട്ടുകള്‍ നല്‍കുക, പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നബാര്‍ഡ് ഈ ശക്തി പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ഇതിനോടകം ഏഴു ലക്ഷത്തോളം സ്വാശ്രയ സംഘങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. വയനാട് ജില്ലയില്‍ ആയിരം സ്വാശ്രയ സംഘങ്ങളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 600 സംഘങ്ങളെ ഇതിനോടകം രജിസ്റ്ററേഷന്‍ നടത്തി. ഓരോ 30 സ്വാശ്രയ സംഘങ്ങള്‍ക്കും ഒരു ഫീല്‍ഡ് അനിമേറ്റര്‍ എന്ന രീതിയിലാണ് പദ്ധതി പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ .പോള്‍ കൂട്ടാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മാനന്തവാടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദാ സജീവന്‍ ഉദഘാടനം ചെയ്തു .