• Lisha Mary

  • March 29 , 2020

ന്യൂഡല്‍ഹി : ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് നടന്നുപോയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന രണ്‍വീര്‍ സിംഗ്(38) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്നും മധ്യപ്രദേശിലെ വീട്ടിലെത്താന്‍ 200 കിലോമീറ്ററിലധികം നടന്ന യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഡല്‍ഹിയില്‍ നിന്നും 362 കിലോമീറ്റര്‍ അകലയുള്ള മധ്യപ്രദേശിലെ മൊറെന ജില്ലയിലെ വീട്ടിലേക്കാണ് രണ്‍വീര്‍ സിംഗ് കാല്‍ നടയായി സഞ്ചരിച്ചത്. നിലവില്‍ മൂന്നുദിവസത്തോളം നിര്‍ത്താതെ യാത്രചെയ്താണ് രണ്‍വീറും കൂടെയുണ്ടായിരുന്നവരും ആഗ്രയില്‍ എത്തിയത്. കഠിനമായ യാത്രയുടെ ആയാസത്തെ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ആയിരക്കണക്കിന് ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാകാതെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. ഗതാഗത സംവിധാനം നിലച്ചതിനെ തുടര്‍ന്ന് കാല്‍നടയായാണ് പലരും സ്വദേശത്തേക്ക് മടങ്ങുന്നത്.