• admin

  • February 12 , 2020

തിരുവനന്തപുരം : പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആര്‍.കെ.എല്‍.എസ് (റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം) സഹായ പദ്ധതി പ്രകാരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച വായ്പാ പലിശ സബ്‌സിഡി അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.  തൃശൂര്‍ ടൗണ്‍ ഹാളില്‍ നാളെ 2.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സബ്‌സിഡി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. 131 കോടി രൂപയാണ് വായ്പാ പലിശ സബ്‌സിഡിയിനത്തില്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് 28212 അയല്‍ക്കൂട്ടങ്ങളിലായി 1,95,514 പേര്‍ക്ക് 1680 കോടി രൂപയുടെ വായ്പയാണ് കുടുംബശ്രീ മുഖേന ലഭ്യമാക്കിയത്. ബാങ്കുകള്‍ ഒമ്പതു ശതമാനം പലിശയ്ക്ക് നല്‍കിയ വായ്പ പൂര്‍ണമായും പലിശരഹിത വായ്പയാക്കി മാറ്റുന്നതിന് ഇതിലെ പലിശ തുകയത്രയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്നതിനായിരുന്നു തീരുമാനം. ഇതനുസരിച്ച് 2020 മാര്‍ച്ച് 31 വരെ പലിശ സബ്‌സിഡിയിനത്തില്‍ ലഭിക്കേണ്ട 131 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച് ഉത്തരവായിരുന്നു. ഈ തുക കൂടി ചേര്‍ത്ത് ആകെ 298 കോടി രൂപയാണ് വായ്പാ തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ പലിശ സബ്‌സിഡിയിനത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുക. പരമാവധി നാല് വര്‍ഷമാണ് വായ്പാ പദ്ധതിയുടെ കാലാവധി. അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്ന മാസത്തവണയില്‍ ഉള്‍പ്പെട്ടിട്ടുള്ള അതത് വര്‍ഷത്തെ പലിശത്തുകയാണ് സബ്‌സിഡിയായി ഓരോ വര്‍ഷവും തിരികെ അയല്‍ക്കൂട്ടങ്ങള്‍ക്ക് തന്നെ ലഭ്യമാക്കുന്നത്. വായ്പാ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുഴുവന്‍ പലിശ തുകയും അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. പ്രളയക്കെടുതിയില്‍ നഷ്ടമായ ഗൃഹോപകരണങ്ങളും ചെറിയ തോതിലുള്ള ഉപജീവന മാര്‍ഗങ്ങളും വീണ്ടെടുക്കുന്നതിന് അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കുന്ന ആര്‍.കെ.എല്‍.എസ് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിയത്.