• admin

  • February 25 , 2020

കോഴിക്കോട് : യുവാക്കളുടെ സര്‍ഗ്ഗശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. നൈപുണ്യമത്സരത്തിലൂടെ ഉയര്‍ന്നു വന്ന സര്‍ഗ്ഗശേഷിക്ക് ആവശ്യമായ പ്രോത്സാഹനത്തിനൊപ്പം നവ സാങ്കേതിക മേഖലകളിലെ പരിശീലനം വഴി കൂടുതല്‍ നൈപുണ്യ വികസനമുറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ സ്‌കില്‍സ് കേരള 2020 നൈപുണ്യ മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൈപുണ്യ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനത്തുകയ്ക്കപ്പുറം സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളില്‍ പരിശീലനം നേടാനുള്ള സൗകര്യം ഒരുങ്ങണമെന്ന് മന്ത്രി പറഞ്ഞു. അതാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന യഥാര്‍ത്ഥ സമ്മാനം. ഏതു മേഖലയിലും പരിചയ സമ്പത്ത് ഇല്ലാത്തവര്‍ പിന്തള്ളപ്പെട്ട് പോകുന്ന കാഴ്ചയാണുള്ളത്. ഇത് മറികടക്കണമെങ്കില്‍ കാലാനുസൃതമായ പരിജ്ഞാനവും വിഷയങ്ങളിലുള്ള അറിവും സാങ്കേതിക ജ്ഞാനവും നേടേണ്ടതുണ്ട്. നൈപുണ്യ മത്സരങ്ങളില്‍ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ചവര്‍ക്ക് അവരുടെ സര്‍ഗ്ഗശേഷി ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കും.നവീനമായ ആശയങ്ങള്‍ വിദ്യാഭ്യാസരംഗത്ത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്രസാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കഴിവുകള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതു തരത്തിലുള്ള നൂതന ആശയവും ജനോപകാരപ്രദമാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള മെഡലുകളും ക്യാഷ് പ്രൈസും അദ്ദേഹം സമ്മാനിച്ചു. ഇന്ത്യ സ്‌കില്‍സിന്റെ സമ്മാനത്തുക വിപുലമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. സാമൂഹ്യാവശ്യങ്ങള്‍ക്കനുസരിച്ച് ഓരോ മേഖലയിലെയും വൈദഗ്ധ്യങ്ങളില്‍ മാറ്റം വരുകയാണ്. എല്ലാ മേഖലയിലും നല്ല വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിന് ഇന്ത്യാ സ്‌കില്‍സ് കേരള മത്സരങ്ങള്‍ സഹായകരമായിട്ടുണ്ട്.അടുത്ത തവണ കൂടുതല്‍ മേഖലകളും മത്സരാര്‍ത്ഥികളെയും ഉള്‍പ്പെടുത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ദക്ഷിണ മേഖലാ മത്സരങ്ങള്‍ കേരളത്തിലാണ് നടക്കുന്നത്. ദേശീയ മത്സരങ്ങളും കേരളത്തിന് ലഭിക്കുന്നതിനുള്ള നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. നൈപുണ്യം നേടാനുള്ള മനസുണ്ടാവുകയാണ് പ്രധാനമെന്നും അതിനുള്ള ചിന്താധാരകള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു. പുതിയ കാലഘട്ടത്തിലെ വൈഗദ്ധ്യങ്ങള്‍ നേടിയെടുത്താല്‍ മാത്രമേ തൊഴില്‍ കമ്പോളത്തില്‍ തലമുറകള്‍ക്ക് നിലനില്‍പ്പുണ്ടാകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ കണ്ട ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നാണ് ഇന്ത്യാ സ്‌കില്‍സ് കേരള 2020 എന്ന് ഗോവ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രനര്‍ഷിപ്പ് ഡയറക്ടര്‍ ദിപക് എസ്. ദേശായി പറഞ്ഞു. ഇത്തരമൊരു മേള സംഘടിപ്പിക്കുന്നതിന് ഒട്ടനവധി വെല്ലുവിളികളുണ്ട്. എന്നാല്‍, കേരളം ഇത് ലളിതമായി കൈകാര്യം ചെയ്തിരിക്കുന്നു. ആദ്യമായി നൈപുണ്യമത്സരം നടത്താനിരിക്കുന്ന ഗോവ കേരളത്തെയാണ് മാതൃകയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്‌കില്‍സ് കേരളയുടെ വേദിയില്‍ നടത്തിയ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് തുല്യമാണെന്ന് ഒഡീഷ സ്‌കില്‍ ഡവലപ്‌മെന്റ് ആന്റ് എന്റര്‍ഷിപ്പ് ഡയറക്ടര്‍ ജി രഘു ഐഎഎസ് പറഞ്ഞു. ഇവിടെ നിന്നും വിജയിച്ച ഒരാളെ ചോദ്യം ചെയ്യാന്‍ മറ്റൊരാളില്ല എന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ എംഡിയുമായ എസ്.ചന്ദ്രശേഖര്‍ അധ്യക്ഷനായിരുന്നു.