• Lisha Mary

  • March 7 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് മൂന്നുപേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 34 ആയി. ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച രണ്ടുപേര്‍ ലഡാക്ക് സ്വദേശികളാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിയും. ഇദ്ദേഹം കഴിഞ്ഞദിവസമാണ് ഒമാനില്‍ നിന്ന് മടങ്ങിയെത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മൂന്നുപേരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതോദ്യോഗസ്ഥരുടെ അവലോകനയോഗം വിളിച്ചിരുന്നു. ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ട സ്ഥലസൗകര്യങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കൊറോണ കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ അടിയന്തര സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വനികുമാര്‍ ചൗബേ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. അതേസമയം പഞ്ചാബിലെ ഹോഷിയാര്‍പുറില്‍, ഇറ്റലിയില്‍നിന്ന് അടുത്തിടെ തിരികെയെത്തിയ രണ്ടുപേര്‍ കൊറോണ ബാധിതരാണോയെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അമൃത്സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സംശയം പ്രകടിപ്പിച്ചത്. ഇവരുടെ പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വരാന്‍ കാത്തിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 94 രാജ്യങ്ങളിലായി ഒരുലക്ഷത്തിലധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും 3515 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.