• Lisha Mary

  • April 12 , 2020

മുംബൈ : സൗത്ത് മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍ പാലേഴ്സ് ടവറിലെ ആറ് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 'താജ് ഹോട്ടല്‍ ജീവനക്കാരായ ആറ് പേര്‍ ബോംബേ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കുകയും അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ആരോഗ്യ നില ഗുരുതരമല്ല'- ഡോ.ഗൗതം ബന്‍സാലി പറഞ്ഞു. ഏപ്രില്‍ എട്ടിന് നാല് ജീവനക്കാരേയും പതിനൊന്നിന് രണ്ട് ജീവനക്കാരേയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന് താജില്‍ താമസം ഒരുക്കിയിരുന്നു. ഇവരില്‍ നിന്നാകാം ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് സൂചന. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാരുടെ സാമ്പിളുകള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പരിശോധനക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.- ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം രോഗബാധിതരുടെ എണ്ണം താജ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. സൗത്ത് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന താജ ഹോട്ടലില്‍ നിലവില്‍ അതിഥികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല, കൂടാതെ ചുരുക്കം ജീവനക്കാരോടെയാണ് പ്രവര്‍ത്തിക്കുന്നത്. താജ് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.