• Lisha Mary

  • March 9 , 2020

മീനങ്ങാടി : കഴിഞ്ഞ ഫെബ്രുവരി ഒന്നിന്, മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യര്‍ഥന നടത്തി. 'വരും ദിവസങ്ങളിലായി ഓരോരുത്തരും സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാല്‍ സംസ്‌കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം സമ്പന്നമാക്കേണ്ടത് സ്‌കൂള്‍ ലൈബ്രറികളെയാണ്'. ഈ നിര്‍ദേശം ശിരസാവഹിച്ചു കൊണ്ട് മീനങ്ങാടിയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും ,പി.ടി.എ, എസ്.എം.സി ഭാരവാഹികളും സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പരിപാടിയോട് അനുബന്ധിച്ചാണ് കുട്ടികള്‍ 'ഓര്‍മപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി, പ്രിന്‍സിപ്പാളിന് കൈമാറി. സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.