• admin

  • January 14 , 2020

: ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. മകരവിളക്ക് ദര്‍ശനത്തിനുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. നാളെയാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ പമ്പ വിളക്കും, പമ്പാസദ്യയും ഇന്ന് നടക്കും. മകരസംക്രമസമയം പുലര്‍ച്ചെ ആയതിനാല്‍ ശബരിമലയില്‍ ഇന്ന് നടയടക്കില്ല. ഭക്തര്‍ക്ക് ഇന്നുരാത്രിയും ദര്‍ശനത്തിന് അവസരം കിട്ടും. ബുധനാഴ്ച പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ. അതിന് ശേഷം പുലര്‍ച്ചെ 2.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. 15 ന് വൈകീട്ട് 6.30നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തിരുവാഭരണ ഘോഷയാത്ര ഇന്ന് ളാഹ സത്രത്തില്‍ വിശ്രമിക്കും. നാളെ പ്ലാപ്പള്ളി, നിലയ്ക്കല്‍, നീലിമല, ശബരിപീഠം വഴി തിരുവാഭരണം ശരംകുത്തിയിലെത്തും. ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സ്വീകരിക്കും. വൈകീട്ട് അയ്യപ്പസ്വാമിയെ ഈ തിരുവാഭരണങ്ങള്‍ അണിയിച്ചായിരിക്കും ദീപാരാധന നടത്തുക. മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പൊലീസും ദേവസ്വം അധികൃതരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് ഇടങ്ങളിലാണ് മകരജ്യോതി കാമാന്‍ ഭക്തര്‍ തമ്പടിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. മകരജ്യോതി ദര്‍ശിക്കാന്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിനും നിയന്ത്രണമുണ്ട്. പമ്പ ഹില്‍ടോപ്പിലും മകരജ്യോതി കാണാന്‍ പ്രവേശനമില്ല. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 70 പേരടങ്ങുന്ന ബോംബ് സ്‌ക്വാഡും പ്രവത്തനനിരതരാണ്. മകരവിളക്ക് പ്രമാണിച്ച് 15 ന് വാഹനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ന് കെഎസ്ആര്‍ടിസി പമ്പയില്‍ നിന്ന് 950 ബസ്സുകള്‍ സര്‍വീസ് നടത്തും. 15 ന് രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.