• admin

  • January 5 , 2020

കൊച്ചി : കൊച്ചി: സര്‍ക്കാര്‍ ഉത്തരവില്‍ വലഞ്ഞ് പ്ലാസ്റ്റിക് ഉല്‍പാദന മേഖല. മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയും ഏകപക്ഷീയമായാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിച്ചതെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഈമാസം ഒമ്പതിന് നിക്ഷേപക പ്രതിഷേധ സംഗമം നടത്താന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇതിന്റെ ഭാഗമായി കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപത്ത് സത്യാഗ്രഹം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട് അറിയിച്ചു. നിര്‍മ്മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കല്‍ 1,200 കോടി രൂപയുടെ ഉല്‍പ്പന്നമാണ് കെട്ടിക്കിടക്കുന്നത്. ഇവ വിറ്റഴിയ്ക്കാന്‍ ആറു മാസം പോലും സര്‍ക്കാര്‍ അനുവദിച്ചില്ല. സംസ്ഥാനത്ത് 1,300 ഓളം പ്ലാസ്റ്റിക് വ്യവസായങ്ങളാണുള്ളത്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങള്‍ 540 കോടി രൂപ നികുതി ഒടുന്നവരാണ്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നു. സര്‍ക്കാരിന്റെ ഈ ഉത്തരവ് വ്യവസായ മേഖലയെ പാടെ തകര്‍ത്ത നിലയിലാണ്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തന്നെ സമയബന്ധിതമായി ഇടപെടണമെന്ന ആവശ്യമാണ് വ്യവസായികള്‍ മുന്നോട്ടുവയ്ക്കുന്നത്.