• admin

  • January 9 , 2020

: കൊച്ചി: സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചതിന്റെ ഭാഗമായി കൊച്ചി സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികൾ ‘സേവ് അവർ ഫ്യൂച്ചർ’ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പ്ലാസ്റ്റിക് നിരോധനം കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ പ്രചരിപ്പിക്കുവാനും പരിസ്ഥിതി സൗഹാർദ്ദപരമായ ബദലുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. റാലിക്ക് മുൻപായി നടത്തിയ ഔദ്യോഗിക ചടങ്ങിൽ കോളേജ് പ്രിൻസിപ്പിൾ ഡോ. സജിമോൾ അഗസ്റ്റിൻ എം, കോളേജ് ഡയറക്ടർ റവ. ഡോ. സി. വിനീത എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ ടി.ജെ വിനോദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് ചെയർപേഴ്സൺ റെയ്ചൽ ആൻ വർഗീസ് സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചു. ശുചിത്വ മിഷൻ കോഡിനേറ്റർ പി.എച്ച് ഷൈൻ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ സുചിത് കരുൺ തുടങ്ങിയവർ വിദ്യാർഥിനികളെ അഭിസംബോധന ചെയ്തു. കോളേജിലെ ഭൂമിത്ര സേന, എൻ.എസ്.എസ്, യു.എൻ.എൻ.എ.ടി ഭാരത് അഭിയാൻ വോളണ്ടിയർമാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. പ്ലാസ്റ്റിക് നിരോധനത്തിന് യുവാക്കളെയും പൊതുജനങ്ങളെയും അണിനിരത്തുന്നതിനുള്ള കോളേജിന്റെ സംരംഭമായിരുന്നു റാലി. കൊച്ചിയിലെ കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്ത പരിശ്രമത്തോടെ പേപ്പർ ബാഗുകൾ, തുണി ബാഗുകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംഘം വിദ്യാർഥിനികൾ കോളേജിന്റെ പരിസരത്തെ കടകൾ സന്ദർശിക്കും.