• admin

  • February 11 , 2020

വയനാട് : പ്ലാസ്റ്റിക് നിരോധനം സമഗ്രമായി നടപ്പിലാക്കുന്നത്തിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന കര്‍ശനമാക്കും. നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നഗരസഭാ സെക്രട്ടറിമാരുടെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനൊപ്പം 15 മുതല്‍ പരിശോധന തുടങ്ങാനുമാണ് തീരുമാനം. പരിശോധനക്കായി തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍, അതത് പ്രദേശത്തെ നഗരസഭ/പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായ താലൂക്ക്തല സ്‌ക്വാഡുകളും രൂപീകരിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കും. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.