• admin

  • February 11 , 2020

വയനാട് : ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 10 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുള്ള പദ്ധതിയില്‍ ആദ്യം എന്റോള്‍ ചെയ്യുന്ന സംസ്ഥാനത്തെ 25000 കര്‍ഷകര്‍ക്ക് മാത്രമാണ് പ്രീമിയം തുകയില്‍ സബ്സിഡി ലഭിക്കുന്നത്. ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി, കറവ മൃഗങ്ങള്‍ക്ക് ഗോസുരക്ഷാ പോളിസി എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ലൈഫ് ഇന്‍ഷൂറന്‍സ് ഒഴികെയുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ 80 വയസ്സ് വരെ പ്രായമുള്ളവര്‍ക്കും, നിലവിലുള്ള അസുഖങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍, മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയനുകള്‍, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി ആധാര്‍ പകര്‍പ്പ് സഹിതം ക്ഷീര സഹകരണ സംഘത്തില്‍ നല്‍കണം. അപേക്ഷയും വിശദവിവരങ്ങളും ക്ഷീര സഹകരണ സംഘത്തിലും ക്ഷീര വികസന യൂണിറ്റ് ഓഫീസിലും ലഭിക്കും.