• Lisha Mary

  • April 10 , 2020

ന്യൂഡല്‍ഹി : കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച നടത്തി. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീര്‍, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്റിന്‍ രാജാവ് എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമമാണ് ചര്‍ച്ചകളില്‍ പ്രധാനമന്ത്രി മോദി ഉന്നയിച്ച പ്രധാന വിഷയം. അവിടത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സമൂഹത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ ഉറപ്പു കൊടുത്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ യുഎഇയിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. ഗള്‍ഫിലെ വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.