• admin

  • March 3 , 2020

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊല അന്വേഷണ വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിച്ച ഷാഫി പറമ്പില്‍ ആരോപിച്ചു. മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമായി മാറി. ക്രിമിനലുകള്‍ക്കു വേണ്ടി ക്രിമിനലുകളാണ് ഭരിക്കുന്നതെന്നും ഷാഫി പറഞ്ഞു. എന്നാല്‍ പെരിയ ഇരട്ടക്കൊലക്കേസ് അടിയന്തരപ്രാധാന്യമുള്ള വിഷയമല്ലെന്ന് നോട്ടീസിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തു. സിബിഐ ഹൈക്കോടതിയില്‍ നല്‍കിയത് സ്റ്റാറ്റസ് റിപ്പോര്‍ട്ട് മാത്രമാണ്. കേസ് സിബിഐക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ അപ്പീലിന് പോയത്. അതിന് വക്കീലീനെ കൊണ്ടുവരുന്നത് സ്വാഭാവികമാണ്. വക്കീലിനെ കൊണ്ടുവരുമ്പോള്‍ ഖജനാവില്‍ നിന്ന പണം കൊടുക്കും. പ്രോസിക്യൂഷന്‍ കൃത്യമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.