• admin

  • February 19 , 2020

മലപ്പുറം : പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നടത്തിയ പരിശോധനയില്‍ പല പൊട്രോള്‍ പമ്പുകളിലും ടോയ്‌ലറ്റ് അടച്ചിട്ട നിലയിലും വൃത്തിഹീനമായ നിലയിലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും പെട്രോള്‍ പമ്പ് ലൈസന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ് ലൈന്‍സ് പ്രകാരം ഔട്ട്‌ലൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അതത് ഓയില്‍ കമ്പനികള്‍ക്ക് ജില്ലാ കലക്ടര്‍ മുഖേന ശുപാര്‍ശ നല്‍കും. എല്ലാ പെട്രോള്‍ പമ്പുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പെട്രോള്‍ പമ്പുകളില്‍ പരിശോധന തുടരും. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റുകളിലെ ശുചിത്വക്കുറവ്, വെള്ളം, വെളിച്ചം എന്നിവ ഇല്ലാതിരിക്കല്‍, പൂട്ടിയിട്ട ടോയ്‌ലറ്റുകള്‍, അടച്ചുറപ്പില്ലാത്ത വാതിലുകള്‍, ഫഌ് സൗകര്യം പ്രവര്‍ത്തനരഹിതമായിരിക്കുക, ടോയ്‌ലറ്റ് സൗകര്യം സംബന്ധിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസിലും നേരിട്ടും ഇ-മെയില്‍ വഴിയും പൊതുജനങ്ങള്‍ക്ക് നല്‍കാം.