• admin

  • January 6 , 2020

: മലപ്പുറം : പുതുവര്‍ഷത്തില്‍ പൂത്തുലയാന്‍ കൃഷി വകുപ്പ്. നാട്ടിലും നഗരത്തിലും വീട്ടുമുറ്റങ്ങളിലും ടെറസ്സിലും വീടിന്റെ അകത്തളങ്ങളിലും ഇനി മല്ലിയും മുല്ലയും ആന്തൂറിയവും ജെറിബറയുമെല്ലാം പൂത്തുലയും. ജില്ലയില്‍ പൂകൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കായ് പൂകൃഷി വികസന പദ്ധതിക്കൊരുങ്ങുകയാണ് കൃഷി വകുപ്പ്. പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി പ്രഥമ പരിഗണന നല്‍കുന്നത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വിപണന സാധ്യതയുള്ള പൂക്കളാണ് കൃഷിക്ക് തെരഞ്ഞെടുക്കുന്നത്. കട്ട് ഫല്‍വളഴ്സ്, ലൂസ് ഫല്‍വഴ്സ്, അലങ്കാര ഇല ചെടികളായ ഡ്രസീന, അലങ്കാര പന, തുജ മുതലായവയും ഇന്‍ഡോര്‍ പ്ലാന്‍സ്, ഓര്‍ക്കിഡ്, ആന്തൂറിയം, ഹെലിക്കോണിയ, ചെണ്ടുമല്ലി, മുല്ല, ജമന്തി, ജര്‍ബെറ തുടങ്ങിയവയ്ക്കാണ് ജില്ലയില്‍ വിപണന സാധ്യതയുള്ളത്. കൃഷിയില്‍ താത്പര്യമുള്ള കര്‍ഷകരെയും വനിതകളെയും പൂകൃഷിയുമായ് ബന്ധപ്പെടുന്ന സംരംഭകരെയും ഉള്‍പ്പെടുത്തി 25 മുതല്‍ 50 വരെ അംഗങ്ങളുള്ള ഫോറി ക്ലസ്റ്ററുകള്‍ ജില്ലയിലെ എല്ല ബ്ലോക്കുകളിലും രൂപീകരിക്കും. ഇവര്‍ വഴിയാണ് പൂകൃഷി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ഫോറി ക്ലസ്റ്ററുകള്‍ക്ക് പൂകൃഷിയുടെ ഉത്പാദനം, വിളവെടുപ്പ്, വിപണനം തുടങ്ങിയവയില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെയും മറ്റും വിദഗ്ധരുടെ പരീശീലനം നല്‍കും. ക്ലസ്റ്ററുകള്‍ നല്‍കുന്ന പ്രൊജക്ടുകള്‍ക്ക് അനുസൃതമായി വിത്ത്, തൈകള്‍, വളം, പൂച്ചെടികള്‍, ജലസേചന സൗകര്യങ്ങള്‍ എന്നിവയ്ക്കായി 75ശതമാനം വരെ സബ്സിഡി നല്‍കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പൂക്കള്‍ ശേഖരിക്കുന്നതിന് ബ്ലോക്ക് തല കളക്ഷന്‍ സെന്ററുകളും, ജില്ല തലത്തില്‍ പൂക്കളുടെ ഉല്‍പാദനവും വിതരണവും ഏകോപിപ്പിക്കാന്‍ ജില്ലാതല ഫ്ളോറി കള്‍ച്ചര്‍ സൊസൈറ്റിയും രൂപീകരിക്കും.പദ്ധതി നടപ്പാക്കുന്നതിനായ് ജില്ലക്ക് 125.5 ലക്ഷം രൂപ അനുവദിച്ചു. സ്റ്റേറ്റ് ഹോട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ താത്പര്യമുള്ളവര്‍ ജനുവരി 10 നകം അതത് കൃഷിഭവനുമായ് ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന ജീവിതങ്ങള്‍ക്കും പൂക്കളെ സ്നേഹിക്കുന്നവര്‍ക്കും വര്‍ണപുഷ്പങ്ങളുടെ നറുമണത്തില്‍ ജിവിതം പൂത്തുലയാന്‍ അവസരമൊരുക്കുകയാണ് കൃഷി വകുപ്പ്.