• admin

  • February 16 , 2020

ന്യൂഡല്‍ഹി :

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15-ന് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

ജാമിയ ലൈബ്രറിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖം മറച്ച്‌ക്കൊണ്ട്‌ ലൈബ്രറിയിലേക്ക് കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ വായിച്ച്‌ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ലാത്തിക്കൊണ്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും പൊലീസ് മര്‍ദ്ദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നു.

ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറി റീഡിങ് ഹാളില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജാമിയയിലെ വിദ്യാര്‍ത്ഥികളോടുള്ള പൊലീസിന്റെ ക്രൂരമായ നടപടി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയതാണെന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.