• admin

  • January 29 , 2020

കോട്ടയം : ജില്ലയില്‍ കൂടുതല്‍ കന്നുകാലികളില്‍ ചര്‍മമുഴയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതുവരെ 245 കാലികള്‍ക്കാണ് ശരീരത്തില്‍ മുഴയടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസുഖം പകരാതിരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് കാലികള്‍ക്ക് ചര്‍മമുഴ, അഥവാ പൊങ്ങല്‍പനി കാണുന്നത്. ലക്ഷണം കണ്ടെത്തിയ പത്തോളം പശുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനക്കായി പശുക്കളുടെ രക്തസാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചു. പശുക്കള്‍ക്ക് നല്‍കാന്‍ 3,000 ഡോസ് പ്രതിരോധ വാക്സിന്‍ ജില്ലയിലെത്തി. 531 കാലികള്‍ക്ക് കുത്തിവയ്പ്പ് നല്‍കി. മൂവായിരം ഡോസ് കൂടി ഉടന്‍ ജില്ലയിലെത്തും. അസുഖം ബാധിച്ച പശുക്കള്‍ വസിക്കുന്നതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുളള എല്ലാകാലികള്‍ക്കും വാക്സിന്‍ നല്‍കും. വൈക്കം, കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലാണ് കൂടുതല്‍ കാലികളില്‍ അസുഖലക്ഷണം കാണുന്നത്. അതേസമയം ക്ഷീരകര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു. അസുഖം ബാധിച്ച പശുക്കളില്‍ പാലുല്‍പാദനത്തിലുണ്ടാകുന്ന കുറവാണ് പ്രധാനപ്രശ്നം. ഇത് ഒരുമാസത്തിനകം ഇത് സാധാരണനിലയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.