• Lisha Mary

  • April 9 , 2020

ജനീവ : കൊറോണയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. (ഡബ്ലിയു.എച്ച്.ഒ.). സംഘടന ചൈനയ്ക്ക് വേണ്ടി പക്ഷപാതിത്വം കാട്ടിയെന്നും മഹാമാരിയെ ചെറുക്കാന്‍ വേണ്ടത് ചെയ്തില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. മാത്രമല്ല ഡബ്ലിയു.എച്ച്.ഒ.യ്ക്ക് നല്‍കിവരുന്ന ഫണ്ട് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡബ്ലിയു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ്. നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോള്‍ ആവശ്യം. കോവിഡിനിടെ രാഷ്ട്രീയം ഉപയോഗിക്കരുത്. അമേരിക്കയും ചൈനയും തമ്മില്‍ ഈ വിഷയത്തില്‍ ആത്മാര്‍ഥമായ ഐക്യദാര്‍ഡ്യം വേണം. ഏറ്റവും ശക്തരായവര്‍ വഴി തെളിച്ചുകൊടുക്കണം. ദയവായി കോവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ- ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു. അമേരിക്കയാണ് ഡബ്ലിയു.എച്ച്.ഒ.യ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി. എന്നാല്‍ അമേരിക്ക തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ഡബ്ലിയു.എച്ച്.ഒ.യ്ക്ക് എതിരായ പരാമര്‍ശങ്ങളെ അപലപിച്ച് രംഗത്ത് വന്നിരുന്നു.