• Lisha Mary

  • March 12 , 2020

ജനീവ : കൊറോണ വൈറസിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൈറസ് പതിമൂന്ന് മടങ്ങ് വര്‍ധിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുകയെളുപ്പമല്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. വൈറസ് വ്യാപനം തടയാന്‍ ഓരോ രാജ്യവും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചു. നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന കോവിഡ് 19 ബാധിച്ച് നാലായിരത്തലധികം പേരാണ് ഇതിനകം മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ക്ക് വൈറസ്ബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലും ഇറാനിലും വൈറസ് ബാധ നിയന്ത്രണാധീതമായി തുടരുകയാണ്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം പ്രതിസന്ധിക്ക് ആക്കംകൂട്ടിയെന്നും രാജ്യങ്ങളോട് അടിയന്തരവും ക്രിയാത്മകവുമായ നടപടികള്‍ എത്രയും വേഗം തന്നെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2009ലെ പക്ഷിപ്പനി ആയിരക്കണക്കിനാളുകളെയാണ് കൊന്നൊടുക്കിയത്. കോവിഡ് 19 ലോകത്താകമാനം പടര്‍ന്നുപിടിക്കുകയാണ്.നിലവില്‍ 112, 000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ചൈനയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ യൂറോപ്പിലേക്ക് വ്യാപിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.