• admin

  • January 25 , 2020

തിരുവനന്തപുരം :

കേരളത്തെ ഉത്തരവാദിത്ത ടൂറിസത്തിലെ ലോകനേതാക്കളായി 2022 ല്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് പ്രഖ്യാപിക്കുമെന്ന് സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഡോ ഹാരോള്‍ഡ് ഗുഡ് വിന്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യവും സുതാര്യതയുമാണ് കേരളത്തിലെ  ഉത്തരവാദിത്ത ടൂറിസത്തിന്‍റെ കാതലെന്നും ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച  ടൂറിസം സംരംഭകരുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. 
സംയുക്ത ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്ത ടൂറിസത്തിന്‍റെ അടിസ്ഥാനമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കല്‍,  ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിന് ശേഷം  കേരളത്തിലേക്കെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് എന്നിവയാണ് കേരളത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ലോകനേതൃത്വത്തിലേക്ക് ഉയര്‍ത്തുന്ന ഘടകങ്ങളെന്നും യുകെ ആസ്ഥാനമായുള്ള  റെസ്പോണ്‍സിബിള്‍ ടൂറിസം പാര്‍ട്ണര്‍ഷിപ് മാനേജിംഗ് ഡയറക്ടറായ ഡോ. ഹാരോള്‍ഡ് ഗുഡ് വിന്‍ വ്യക്തമാക്കി.
ജില്ലയിലെ അറിയപ്പെടാതെ പ്രാദേശിക ഗ്രാമീണ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ താമസദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കണെന്ന് സംരഭകര്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷനോട് സഹകരിച്ചുള്ള  വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കോവളം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെ റീബ്രാന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടനടി ആരംഭിക്കുമെന്നും  സംരഭകര്‍  യോഗത്തില്‍ അറിയിച്ചു. 
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം സംരംഭകര്‍  പങ്കെടുത്ത യോഗം വിവിധ ചര്‍ച്ചകള്‍ക്കും അനുഭവങ്ങളുടെ പങ്കിടലിനും വേദിയായി.
വേള്‍ഡ് ട്രാവല്‍ മാര്‍ട്ട്  റെസ്പോള്‍സിബിള്‍ ടൂറിസം ഔട്ട് സ്റ്റാന്‍റിംഗ് അച്ചീവ്മെന്‍റ് ജൂറി അവാര്‍ഡ്  2020  ലഭിച്ച സംസ്ഥാന ആര്‍ടി മിഷന്‍ കോര്‍ഡിനേറ്റര്‍ രൂപേഷ്കുമാറിനും, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ലോഭമായ പിന്തുണക്കും മാര്‍ഗനിര്‍ദേശത്തിനുമായി ഡോ ഹാരോള്‍ഡ് ഗുഡ് വിന്നിനും കേരള സര്‍ക്കാരിന്‍റെ പുരസ്കാരം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ് സമ്മാനിച്ചു.