അങ്കമാലി : സംസ്ഥാനത്ത് അത്യാധുനിക ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസുമായി കേരള ക്രിക്കറ്റ് ലീഗിലെ പ്രധാന ഫ്രാഞ്ചൈസിയും രണ്ടാം സീസണിലെ കിരീട ജേതാക്കളുമായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആർ വൺ സിക്സുമായി സഹകരിച്ച് അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച “ബ്ലൂ ടൈഗേഴ്സ് ആർ16 സെന്റർ ഓഫ് എക്സലൻസ്” ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.തുടർന്ന് ടർഫിലെത്തിയ മന്ത്രി ബാറ്റ് വീശി.മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മന്ത്രിക്ക് വേണ്ടി പന്തെറിഞ്ഞത്.
അങ്കമാലി ഫിസാറ്റ് കോളേജിന്റെ 5.4 ഏക്കർ വിശാലമായ ഗ്രൗണ്ടിലാണ് സെന്റർ പ്രവർത്തിക്കുന്നത്.ആർ16,കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ,ഇംപീരിയൽ കിച്ചൻ മാനേജിങ് ഡയറക്ടർ അനസ് താഹ,മസ്കറ്റ് വ്യവസായി നൗഷാദ് എന്നിവരാണ് സെൻ്ററിന് നേതൃത്വം നൽകുന്നത്.കേരളത്തിൽ ആദ്യമായി ഒരുക്കുന്ന കൺവേർട്ടബിൾ നാച്ചുറൽ ടർഫാണ് കേന്ദ്രത്തിന്റെ മുഖ്യ ആകർഷണം.മഴയുള്ളപ്പോൾ ടർഫ് പൂർണ്ണമായും ഇൻഡോർ ആക്കി മാറ്റാനും അല്ലാത്തപ്പോൾ ഔട്ട്ഡോർ ആയി ഉപയോഗിക്കാനും സാധിക്കുന്ന തരത്തിലാണ് നിർമ്മാണം.ഇതുവഴി സ്വാഭാവിക സൂര്യപ്രകാശം ലഭിക്കുകയും മഴക്കാലത്ത് പരിശീലനം മുടങ്ങാതിരിക്കുകയും ചെയ്യും. പരിശീലനത്തിനായി മൂന്ന് പിച്ചുകളാണ് കൺവേർട്ടബിൾ ടർഫിലുള്ളത്. ഇതിനു പുറമെ നോർമൽ ഇൻഡോർ ടർഫും ഓപ്പൺ പ്രാക്ടീസ് പിച്ചും ഇവിടെയുണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മുഖ്യ പരിശീലകനായിരുന്ന മുൻ കേരള രഞ്ജി ട്രോഫി താരം റൈഫി വിൻസെന്റ് ഗോമസ് ആണ് അക്കാദമിയുടെ പരിശീലക നിരയ്ക്ക് നേതൃത്വം നൽകുന്നത്.ഐ.പി.എല്ലിൽ കൊച്ചി ടസ്കേഴ്സ് കേരള,പൂനെ വാരിയേഴ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള പ്രമുഖ ഓൾറൗണ്ടർ കൂടിയാണ് അദ്ദേഹം.കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കോച്ചിങ് ഡയറക്ടറായ ദീപക് സി.എം ആണ് അക്കാദമിയുടെ മറ്റൊരു പ്രധാന പരിശീലകൻ. ഇവർക്ക് പുറമെ കേരളത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളായ സനൂത് ഇബ്രാഹിം,എസ്.അനീഷ് എന്നിവരും പരിശീലക സംഘത്തിലുണ്ട്.മുൻ കേരള താരവും പ്രമുഖ പരിശീലകനുമായ റോബർട്ട് ഫെർണാണ്ടസ് അക്കാദമിയിൽ ഗസ്റ്റ് ഫാക്കൽറ്റിയായി എത്തും.രണ്ട് വനിതാ കോച്ചുമാർ,രണ്ട് ട്രെയിനർമാർ എന്നിവരുൾപ്പെടെ ആകെ ഒമ്പത് പേരടങ്ങുന്ന പരിശീലക സംഘമാണ് സെൻ്ററിൻ്റെ കരുത്ത്.
തിരഞ്ഞെടുക്കപ്പെട്ട 28 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ ഒരു വർഷത്തെ സൗജന്യ പരിശീലനം നൽകും.10 പെൺകുട്ടികൾക്കും 18 ആൺകുട്ടികൾക്കുമാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ 25 പേർക്ക് സൗജന്യമായി ക്രിക്കറ്റ് കിറ്റുകൾ നൽകാനും പദ്ധതിയുണ്ട്.
പരിശീലനത്തിനെത്തുന്ന എല്ലാ കുട്ടികൾക്കും ജേഴ്സിയും ക്യാപ്പും അക്കാദമി നൽകും.
“ബ്ലൂ ടൈഗേഴ്സിന്റെ വലിയൊരു ലക്ഷ്യമാണ് പുതിയ സംരംഭത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. താഴെത്തട്ടിൽ നിന്ന് മികച്ച കായിക പ്രതിഭകളെ കണ്ടെത്തി,അവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.കേരള ക്രിക്കറ്റിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പുതിയ താരങ്ങളെ വാർത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” – ബ്ലൂടൈഗേഴ്സ് ആർ 16 ഉടമകൾ വ്യക്തമാക്കി.
കെ.സി.എല്ലിൽ മാത്രം ഒതുങ്ങാതെ കേരള ക്രിക്കറ്റിന്റെ സമഗ്ര വളർച്ചയ്ക്ക് പിന്തുണ നൽകുകയാണ് ബ്ലൂടൈഗേഴ്സ്.സംസ്ഥാനത്തെ കായിക മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.കേരളത്തിൽ സ്പോർട്സ് ഇൻഡസ്ട്രി അതിവേഗം വളരുന്ന സാഹചര്യത്തിൽ കായിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കാനും പരിശീലകർ,ഗ്രൗണ്ട് സ്റ്റാഫുകൾ, സ്പോർട്സ് മാനേജ്മെന്റ് പ്രൊഫഷണലുകൾ തുടങ്ങി നിരവധിപ്പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും.ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സതീശൻ എ,തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇഗ്നി മാത്യു, സെക്രട്ടറി ജോസ് പോൾ,അംപയർ ടോണി ഇമ്മട്ടി, കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമ എം.ശിവപ്രസാദ്,കൊച്ചി ബ്ലൂ ടൈഗേഴ്സ് സിഇഒ രഘു രാമചന്ദ്രൻ,ഫിസാറ്റ് കോളെജ് ചെയർമാൻ ഷിമിത്ത് പി.ആർ എന്നിവരും പങ്കെടുത്തു.
