കൊച്ചി : കേരളം ആദ്യമായി വേദിയാകുന്ന അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ടൈപ്പോ ഡേ-2026 ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ തുടക്കമായി.ജെയിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായി നടത്തുന്ന കോൺഫറൻസ് ഇന്ത്യൻ ടൈപ്പോഗ്രഫി സൊസൈറ്റിയുടെ സ്ഥാപകനും ഐ.ഐ.ടി ബോംബെയിലെ പ്രൊഫസറുമായ ജി.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ വിവിധ ഭാഷകൾക്കും ലിപികൾക്കും അനുയോജ്യമായ പുതിയ ഫോണ്ടുകൾ വികസിപ്പിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രൊഫ.ജി.വി.ശ്രീകുമാർ പറഞ്ഞു.
“22 ഔദ്യോഗിക ഭാഷകളും 13 ലിപികളുമുള്ള ലോകത്തിലെ ഒരേയൊരു രാജ്യമായ ഇന്ത്യയിൽ സ്വന്തമായി ഫോണ്ടില്ലാത്ത നിരവധി ലിപികളുണ്ട്.ജാർഖണ്ഡിലെ കുറുഖ്,തുളു തുടങ്ങിയ ലിപികൾക്ക് മികച്ച നിലവാരമുള്ള ഫോണ്ടുകൾ അത്യാവശ്യമാണ്.അതിനാൽ യുവതലമുറ ഈ മേഖലയിലേക്ക് കൂടുതൽ കടന്നുവരുകയും ടൈപ്പോഗ്രാഫിയെ ആശയവിനിമയത്തിനുള്ള പ്രധാന മാധ്യമമായി കണ്ട് ഗൗരവമുള്ള പ്രൊഫഷനായി തിരഞ്ഞെടുക്കുകയും വേണം.” -അദ്ദേഹം വ്യക്തമാക്കി.ആപ്പിൾ,മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് വേണ്ടി പതിനഞ്ചോളം ഭാഷകളിൽ ഫോണ്ടുകൾ ഡിസൈൻ ചെയ്ത അനുഭവങ്ങൾ പ്രമുഖ ടൈപ്പ്ഫേസ് ഡിസൈനറും ഭാഷാ സാങ്കേതികവിദ്യാ വിദഗ്ധനുമായ മുത്തു നെടുമാരൻ പങ്കുവെച്ചു.
“വ്യത്യസ്ത ലിപികൾ തമ്മിൽ എപ്പോഴും പൊരുത്തം ഉറപ്പാക്കേണ്ടതുണ്ട്.ലാറ്റിൻ,തമിഴ്,അറബിക് തുടങ്ങിയ ലിപികളും അക്കങ്ങളും ഒരേസമയം ഉപയോഗിക്കുമ്പോൾ ഒരു ഭാഷ മറ്റൊരു ഭാഷയുടെ ശ്രദ്ധ തിരിക്കാത്ത രീതിയിൽ കാഴ്ചയിൽ കൃത്യമായ പൊരുത്തമുണ്ടാകണം.”- അദ്ദേഹം പറഞ്ഞു.ഒരു പുതിയ ഫോണ്ട് വികസിപ്പിച്ചെടുക്കുമ്പോൾ ഗവേഷണം മുതൽ ഡിജിറ്റൽ ഡ്രോയിംഗ്,ടെസ്റ്റിംഗ് വരെയുള്ള വിവിധ ഘട്ടങ്ങൾ വളരെ പ്രാധാന്യമുള്ളതാണെന്നും മുത്തു നെടുമാരൻ അഭിപ്രായപ്പെട്ടു.
അഹമ്മദാബാദ് എൻ.ഐ.ഡിയിലെ ഗ്രാഫിക് ഡിസൈൻ പ്രിൻസിപ്പൽ ഡിസൈനർ പ്രൊഫ. തരുൺ ദീപ് ഗിർധർ,ജെയിൻ യൂണിവേഴ്സിറ്റി ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.മധുകുമാർ,അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് മേധാവി ഡോ.രാധാകൃഷ്ണൻ ഉണ്ണി, സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ. അളഗപ്പൻ,ഡിസൈൻ സ്കൂൾ അഡ്വസറി ബോർഡംഗം ഡോ.വരുണൻ ബാലസുബ്രഹ്മണ്യം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആദ്യദിനമായ തിങ്കളാഴ്ച്ച പ്രശസ്ത കാലിഗ്രഫറും കലാകാരനുമായ നാരായണ ഭട്ടതിരി,മാസ്റ്റർ കാലിഗ്രഫർ പത്മശ്രീ അച്യുത് പാലവ്,പ്രൊഫ. തരുൺ ദീപ് ഗിർധർ,ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയി പ്രൊഫസറും ഗ്രാഫിക് ഡിസൈനറുമായ പ്രൊഫ.അർച്ചന ശേഖര, ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗ്രാഫിക് ഡിസൈൻ അസോസിയേറ്റ് പ്രൊഫ.പൗയ ജഹാൻഷാഹി,മുത്തു നെടുമാരൻ,പ്രൊഫ.ജി. വി. ശ്രീകുമാർ എന്നിവർ നയിച്ച വിവിധ ശിൽപ്പശാലകൾ അരങ്ങേറി.ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്:അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സമ്മേളനം ഇന്ന് (സെപ്റ്റം.30) സമാപിക്കും.സമാപന സമ്മേളനത്തിൽ ഈ വർഷത്തെ ടൈപ്പോഡേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ സമ്മാനിക്കും.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിൽ ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രൊഫ.ജി.വി.ശ്രീകുമാറിനൊപ്പം ഡോ.വരുണൻ ബാലസുബ്രഹ്മണ്യം (ഡിസൈൻ സ്കൂൾ അഡ്വസറി ബോർഡ് അംഗം),ഡോ.മധുകുമാർ (ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്,ജെയിൻ യൂണിവേഴ്സിറ്റി),ഡോ.രാധാകൃഷ്ണൻ ഉണ്ണി (ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ,ഫിനാൻസ് ആൻഡ് ഇൻഡസ്ട്രി എൻഗേജ്മെന്റ്സ്,ജെയിൻ യൂണിവേഴ്സിറ്റി),പ്രൊഫ.തരുൺ ദീപ് ഗിർധർ (ഗ്രാഫിക് ഡിസൈൻ പ്രിൻസിപ്പൽ ഡിസൈനർ, എൻ.ഐ.ഡി അഹമ്മദാബാദ്),പ്രൊഫ.ജി.വി. ശ്രീകുമാർ (ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രൊഫസർ, ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈൻ,ഐ.ഐ.ടി ബോംബെ),പ്രൊഫ.അമൻ രൂപേഷ് സാക്സ (പ്രൊഫസർ,ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈൻ,ഐ.ഐ.ടി ബോംബെ),പ്രൊഫ. ഉദയ് കുമാർ ഡി.(പ്രൊഫസർ,ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസൈൻ,ഐ.ഐ.ടി ബോംബെ),ഡോ.കെ. അളഗപ്പൻ (ഡെപ്യൂട്ടി ഡയറക്ടർ,സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സ്), ദേവാംഗന (സ്റ്റുഡന്റ് റെപ്രസെന്റേറ്റീവ്) എന്നിവർ.
