• Lisha Mary

  • March 30 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുളള റാപ്പിഡ് ടെസ്റ്റ് മൂന്നു ദിവസത്തിനുളളില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇതുവരെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഉപകരണങ്ങള്‍ എത്താനുള്ള കാലതാമസം മൂലമാണ് ടെസ്റ്റ് വെകുന്നത്. ഉപകരണങ്ങള്‍ വന്നു തുടങ്ങിയാല്‍ ഉടന്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് അന്തിമമായി പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊറോണ പോസിറ്റീവായ ഒരാള്‍ മരിച്ചത് അയാളുടെ ആരോഗ്യ സ്ഥിതി അത്രയും സങ്കീര്‍ണമായതിനാലാണെന്നും പ്രായമായവരുടെ പോലും ഫലം നെഗറ്റീവായി വരുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കഴിവാണെന്നും മന്ത്രി വ്യക്തമാക്കി.