• admin

  • February 19 , 2020

ആലപ്പുഴ : കുട്ടികായിക താരങ്ങളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കാന്‍ പുതിയ പദ്ധതിയുമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. 10നും 13നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. 98 കുട്ടികളാണ് സെലക്ഷന്‍ ട്രയലില്‍ പങ്കെടുത്തത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഷന്‍ 2025 എന്ന പദ്ധതിക്കായി ഒന്നരലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ വാര്‍ഡില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍ നടത്തിയത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജേഴ്‌സിയും ഷൂസും ഉള്‍പ്പെടെ കായിക പരിശീലനത്തിന് ആവശ്യമുള്ളവ പഞ്ചായത്ത് സൗജന്യമായി നല്‍കും. വിദഗ്ധ കോച്ചുകളുടെ സഹായത്തോടെ കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് ടീമുകള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കി മികച്ച വോളിബോള്‍, ഫുഡ്‌ബോള്‍, ക്രിക്കറ്റ് ടീമുകള്‍ ഉണ്ടാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. ഹരിക്കുട്ടന്‍ പറഞ്ഞു.