• Lisha Mary

  • March 21 , 2020

കാസര്‍കോട് : കാസര്‍കോട് കോവിഡ് സ്ഥീരികരിച്ച രോഗിയുടെ യാത്രകള്‍ ദുരൂഹമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു. മംഗലാപുരത്ത് ഇയാളുടെ രക്ത പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം മറച്ചുവെച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കോവിഡ് ബാധിതനുമായി 3000 ഓളം പേര്‍ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അതു തെറ്റെന്ന് പിന്നീട് ബോധ്യമായി. അദ്ദേഹം പലകാര്യങ്ങളും പറയുന്നില്ല. എന്തെല്ലാമോ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു. മംഗലാപുരത്ത് രക്തം പരിശോധനയ്ക്ക് നല്‍കുകയും, പിന്നീട് അതിന്റെ റിസള്‍ട്ട് വാങ്ങാന്‍ പോയിട്ടുള്ളതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചതായി കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിവരം ഇതുവരെ അയാള്‍ പറഞ്ഞിട്ടില്ല. കോഴിക്കോട് താമസിച്ച ഹോട്ടലിന്റെ പേര് മാറ്റിപ്പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ബാഗ് നഷ്ടപ്പെട്ടതായാണ് പറഞ്ഞത്. എന്നാല്‍ ബാഗ് മിസ്സായതില്‍ ചില സംശയങ്ങളുണ്ട്. ദുരൂഹത നിറഞ്ഞ കഥാപാത്രമാണ്. അതുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. മുഴുവന്‍ കാര്യങ്ങളും ട്രെയ്സ് ഔട്ട് ചെയ്യാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പലരും തയ്യാറാകുന്നില്ല. നിരീക്ഷണത്തില്‍ ഉള്ളവര്‍ പോലും കുടുംബവുമായി ഇടപഴകുന്നു. ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ച വ്യക്തി ഭാര്യയുമായും കുട്ടിയുമായും അമ്മയുമായും നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സ്ഥിതിയുണ്ടായി. ഇത്തരം നടപടികള്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടി വരുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ പോലീസ് കേസെടുത്തു. കുഡ്ല സ്വദേശിയായ ഇയാളില്‍ നിന്നാണ് മറ്റ് അഞ്ചുപേര്‍ക്ക് രോഗം പകര്‍ന്നത്. എംഎല്‍എമാര്‍ അടക്കം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ നിരീക്ഷണത്തിലുമാണ്. വിദേശത്തു നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാണ് കേസെടുത്തത്.