• admin

  • February 4 , 2020

പാലക്കാട്: : പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്‌സിഡിയില്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരം. യന്ത്രവത്കൃത കൃഷിവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയിലൂടെയാണ് യന്ത്രങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നത്. കര്‍ഷകര്‍ www.agrimachinery.nic.in ല്‍ രജിസ്‌ട്രേഷന്‍ നടത്തി മൊബൈലില്‍ ലഭിക്കുന്ന ഐ.ഡി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് അംഗീകൃത ലിസ്റ്റിലുള്ള ഡീലര്‍മാരില്‍ നിന്നും ഉത്പ്പാദകരില്‍ നിന്നും ആവശ്യമായ യന്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഭൂരേഖകള്‍, ബാങ്ക് രേഖകള്‍, വണ്ടി വാങ്ങിയ ബില്‍, എന്‍ജിന്‍ നമ്പര്‍, ചെയ്‌സ് നമ്പര്‍ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ കാര്‍ഷിക എന്‍ജിനീയര്‍ പരിശോധിക്കും. തുടര്‍ന്ന് സംസ്ഥാന കൃഷി ഡയറക്ടറേറ്റ് അംഗീകാരം നല്‍കും. സബ്‌സിഡി അക്കൗണ്ടിലേക്ക് അയക്കുന്നതാണ്. യന്ത്രത്തിനായുള്ള അപേക്ഷ, രജിസ്‌ട്രേഷന്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായാണ് അപേക്ഷിക്കുക. ഡീലര്‍മാരും നിര്‍മാതാക്കളും യന്ത്രങ്ങള്‍, ഷോറൂം, സര്‍വീസ് സെന്ററുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. യന്ത്രങ്ങളുടെ സ്വഭാവം, കൃഷിയിറക്കുന്ന സ്ഥല വിസ്തൃതി എന്നിവ കണക്കാക്കിയാണ് സബ്‌സിഡി തുക നിശ്ചയിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന രീതിയില്‍ ആനുകൂല്യം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മലമ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങള്‍ കാര്‍ഷിക യന്ത്രങ്ങളുടെ ഡീലര്‍മാരില്‍ നിന്നും 9511508614, 9447625658, 9496519012, 9744566052 നമ്പറുകളിലും ലഭിക്കും.