• admin

  • February 7 , 2020

ശ്രീനഗർ :

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹ്‍ബൂബ മുഫ്തി എന്നിവർക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ ആരെയും മൂന്നു മാസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പൊലീസിന് അനുമതി നൽകുന്നതാണ് പൊതു സുരക്ഷാ നിയമം. കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ ഓഗസ്റ്റ് 5 മുതൽ ഇവരടക്കം നിരവധി നേതാക്കൾ വീട്ടുതടങ്കലിൽ കഴിയുകയാണ്. 

ഒമറിനെയും മെഹ്ബൂബയെയും നിലവിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ തന്നെ താമസിപ്പിക്കുമെന്നാണ് വിവരം. ഇവർക്കു പുറമേ നാഷനൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ, പിഡിപി നേതാവ് സർതാജ് മാധ്‌വി എന്നിവർക്കെതിരെയും പൊതു സുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. 

നേരത്തെ ഒമർ അബ്ദുല്ലയുടെ പിതാവ് ഫറൂഖ് അബ്ദുല്ലയെ പൊതു സുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ 2019 ഓഗസ്റ്റ് 5 മുതൽ ഗുപ്കർ റോഡിലെ വസതിയിൽ വീട്ടുതടങ്കലിലായിരുന്ന അദ്ദേഹത്തിന്റെ വീട് പ്രത്യേക ഉത്തരവ് പ്രകാരം ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

രാജ്യത്തു നിലവിലുള്ള ദേശീയ സുരക്ഷാനിയമം (എൻഎസ്എ) പോലെ കശ്മീരിനു മാത്രം ബാധകമായതാണ് പിഎസ്എ. പൊതുസമാധാനം, സംസ്ഥാന സുരക്ഷയ്ക്കു ഭീഷണി എന്നീ രണ്ടു വകുപ്പുകളുള്ളതിൽ ആദ്യ വകുപ്പിൽ ഉൾപ്പെടുത്തിയാണ് ഫറൂഖ് അബ്ദുല്ലയെ അറസ്റ്റു ചെയ്തത്. ആദ്യ വകുപ്പ് പ്രകാരം 6 മാസം വരെ വിചാരണ ചെയ്യാതെ തടവിൽ പാർപ്പിക്കം. രണ്ടാമത്തെ വകുപ്പാണെങ്കിൽ 2 വർഷം വരെ വിചാരണയില്ലാതെ തടവിലിടാം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷെയ്ഖ് അബ്ദുല്ല മുഖ്യമന്ത്രിയായിരുന്നപ്പോൾ തടി കള്ളക്കടത്തുകാരെ ജയിലിലിടാൻ 1978ൽ കൊണ്ടുവന്ന നിയമമാണിത്.