• admin

  • February 7 , 2020

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക) :

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലദേശ്. സെമിയിൽ, ന്യൂസീലൻഡിനെ 6 വിക്കറ്റിനു തോൽപിച്ചാണ് ബംഗ്ലദേശ് ചരിത്രത്തിലാദ്യമായി കൗമാരലോകകപ്പിന്റെ ഫൈനലിൽ കടന്നത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.  

സ്കോർ: ന്യൂസീലൻഡ് 8ന്  211, ബംഗ്ലദേശ് 44.1 ഓവറിൽ 4ന് 215.

സെഞ്ചുറി നേടി ബംഗ്ല ഇന്നിങ്സിന്റെ നെടുംതൂണായ മഹ്മദുൽ ഹസൻ ജോയിയാണ് (127 പന്തിൽ 100) മാൻ ഓഫ് ദ് മാച്ച്. റൺചേസിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായപ്പോൾ ജോയ് അവസരത്തിനൊത്ത് ഉയരുകയായിരുന്നു. തൗഹിദ് ഹൃദോയിക്ക് (40) ഒപ്പവും ഷഹാദത്ത് ഹുസൈനൊപ്പവും (40*) മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ജോയിക്കു സാധിച്ചു. 

നേരത്തേ, ടോസ് നേടി ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയച്ചിടത്താണ് ബംഗ്ലദേശ് കളി ജയിച്ചു തുടങ്ങിയതെന്നു പറയാം. അഞ്ചു റൺസ് നേടുന്നതിനിടെ കിവീസിന്റെ ആദ്യ വിക്കറ്റ് (റൈസ് മറിയു– ഒരു റൺ) പിഴുത് പേസർ ഷമീം ഹുസൈൻ നൽകിയ തുടക്കം മറ്റു ബോളർമാർ ഏറ്റെടുക്കുകയായിരുന്നു. നാലിന് 74 എന്ന നിലയിൽ തകർന്നു പോയ ന്യൂസീലൻഡിനെ 83 പന്തിൽ 75 റൺസോടെ പുറത്താകാതെനിന്ന മധ്യനിര ബാറ്റ്സ്മാൻ ബെക്കാം വീലർ ഗ്രീനളിന്റെ ഇന്നിങ്സാണു രക്ഷപ്പെടുത്തിയത്. ബംഗ്ല ബോളർമാരിൽ ഷൊരിഫുൽ ഇസ്‌ലാം (3 വിക്കറ്റ്), ഷമീം ഹുസൈൻ (2), ഹസൻ മുറാഡ് (2)എന്നിവർ തിളങ്ങി.