• admin

  • February 28 , 2020

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം- വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. കേരളത്തില്‍ കുളമ്പുരോഗം എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികളെ സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കുടപ്പനക്കുന്ന് ഗോരക്ഷാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ അനിത അധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. 2030ന് മുന്‍പ് രാജ്യത്തെ കുളമ്പുരോഗ വിമുക്തമാക്കുക, പാല്‍, മാംസം എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 23 വരെയാണ് ആദ്യഘട്ട കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ പശുക്കളെയും എരുമകളെയും കുത്തിവയ്ക്കും. പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമാണ്. ഗോരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക മന്ത്രി വിതരണം ചെയ്തു.