• admin

  • February 28 , 2020

ന്യൂഡല്‍ഹി :

കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. താഹിറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നടപടി.

 ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്. താഹിറിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകളടക്കം കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. വീട് പൊലീസ് സീല്‍ ചെയ്തു.

ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് തന്റെ മകനു നേരെ ആക്രമണം ഉണ്ടായതെന്ന് അങ്കിത് ശര്‍മയുടെ പിതാവ് പറഞ്ഞു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ചന്ദ് ബാഗ് മേഖലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം അങ്കിത് ശര്‍മയുടെ മൃതദേഹം ലഭിച്ചത്.

താഹിര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി പാര്‍ട്ടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.