• admin

  • February 23 , 2020

കൊല്ലം : വിനോദസഞ്ചാര വകുപ്പ്, ഡി റ്റി പി സി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളീയ തനത് കലാരൂപങ്ങളുടെ മഹോത്സവമായ 'ഉത്സവം 2020' ന് ജില്ലയില്‍ തുടക്കം. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം നീലാംബരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. കേരളത്തിന്റെ തനത് കലകളുടെ പൈതൃകം നിലനിര്‍ത്തുക, അവയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം. നാലു വേദികളിലായി ഫെബ്രുവരി 28 വരെ വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് പരിപാടികള്‍ നടക്കുക. ഉദ്ഘാടന ദിവസമായ ഇന്നലെ ഒന്നാം വേദിയായ നീലാംബരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച ചവിട്ടുകളിയും രണ്ടാം വേദിയായ കൊല്ലം ബീച്ചില്‍ കെ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കാക്കാരിശ്ശി നാടകവും ദേവിവിലാസം കലാനിലയത്തിന്റെ പടയണിയും നടന്നു. ചവിട്ടുകളിയില്‍ പ്രഗല്‍ഭരായ കല്യാണിയെയും രാമകൃഷ്ണനെയും വേദിയില്‍ ആദരിച്ചു. ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേ, മണ്‍ട്രോതുരുത്ത് എന്നിവയാണ് മൂന്നും നാലും വേദികള്‍.