• Lisha Mary

  • April 18 , 2020

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയാലും സംസ്ഥാനം വിട്ടും ജില്ലവിട്ടുമുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. മെഡിക്കല്‍ സേവനങ്ങള്‍, ചികിത്സ, ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക തുടങ്ങി അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ അന്തര്‍ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യങ്ങളില്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. അനാവശ്യമായി യാത്ര ചെയ്താല്‍ കേസെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ ഈടാക്കും. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികള്‍ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേര്‍ ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഐഡി കാര്‍ഡ് കയ്യില്‍ കരുതണമെന്നും ഡിജിപി പറഞ്ഞു. എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതിയെന്നും ഡിജിപി പറഞ്ഞു.