• admin

  • February 5 , 2020

കൊച്ചി : ഒരു വ്യാഴവട്ടത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ സമുദ്രോത്പന്ന പ്രദര്‍ശനങ്ങളിലൊന്നായ ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോ കൊച്ചിയില്‍ നടക്കും. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും(എം.പി.ഇ.ഡി.എ) സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സീ ഫുഡ് ഷോയുടെ 22-ാമത് ലക്കം ഫെബ്രുവരി 7,8,9 തിയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാട്ട് ഹോട്ടലിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍റില്‍ വച്ചാണ് നടക്കുന്നത്. ഈ മാസം 7ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സീ ഫുഡ് ഷോ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ 8-ാം തിയതി പരിപാടിയില്‍ സംബന്ധിച്ച് വിവിധ മേഖലകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. രണ്ട് കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഷോ ലോകത്തെ തന്നെ സമുദ്രോത്പന്നമേഖലയിലെ സുപ്രധാന സമ്മേളനമാണ്. രാജ്യത്ത സമുദ്രോത്പന്ന മേഖല പിന്തുടര്‍ന്നു വരുന്ന സുസ്ഥിര സമ്പ്രദായങ്ങളെ ഈ പ്രദര്‍ശനം ഉയര്‍ത്തിക്കാട്ടും. സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ആശയവിനിമയത്തിനും ഉത്പന്ന പ്രദര്‍ശനത്തിനുമുള്ള അവസരമാണിത്. സമുദ്രോത്പന്ന സംസ്‌കരണ ഉപകരണങ്ങള്‍, പാക്കിംഗ് സംവിധാനങ്ങള്‍, ശീതീകരണ ശൃംഖലകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനുപുറമെ സേവനദാതാക്കള്‍, ലോജിസ്റ്റിക്‌സ്, സര്‍ട്ടിഫൈയിംഗ്, ടെസ്റ്റിംഗ് മേഖലകള്‍ തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ടാകും.