• Lisha Mary

  • April 22 , 2020

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലെ മാസങ്ങള്‍ നിര്‍ണായകമാകുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലങ്ങള്‍ ഈ മാസങ്ങളിലാകും പ്രകടമാകുന്നതെന്ന് നീതി ആയോഗ് സൂചിപ്പിച്ചു. കോവിഡിനെതിരായ പോരാട്ടം എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോവിഡ് വ്യാപനം രാജ്യം തടഞ്ഞുനിര്‍ത്തിയോ, നിയന്ത്രണങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്ക് നേട്ടമുണ്ടായോ തുടങ്ങിയ കാര്യങ്ങളില്‍ ജൂണ്‍, ജൂലെ മാസങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നാണ് നീതി ആയോഗ് സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും നിരവധി ഇളവുകള്‍ നല്‍കുകയാണ്. ഇതോടെ രാജ്യത്ത് കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നീതി ആയോഗ് സൂചിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കല്‍ തുടര്‍ന്നുകൊണ്ടുപോകേണ്ടത് രോഗവ്യാപനം തടയാന്‍ അത്യാവശ്യമാണ്. അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്ക് പോകുകയാണെന്നും നീതി ആയോഗ് സൂചിപ്പിച്ചു.