• Lisha Mary

  • April 15 , 2020

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38 പേര്‍ മരിച്ചു. 1076 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായത്. 1,306 പേര്‍ പൂര്‍ണമായും രോഗം ഭേദമായി ആശുപത്രിവിട്ടു. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് കൂടുതല്‍ രോഗബാധിതരും മരണവും മഹാരാഷ്ട്രയിലാണ്. 2,684 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 178 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,561 പേര്‍ക്ക് രോഗം ബാധിച്ചു. 30 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ മരണം 12 ആയി. രോഗികളുടെ എണ്ണം 1,204 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു. മരണസംഖ്യയില്‍ രണ്ടാമതുള്ള മധ്യപ്രദേശില്‍ 53 പേര്‍ മരിച്ചു. രോഗികള്‍ 741 ആയി വര്‍ധിച്ചു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ യഥാക്രമം 660, 650, 644 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രോഗബാധിതരുടെ എണ്ണത്തില്‍ പത്താമതുള്ള കേരളത്തില്‍ 386 രോഗികളാണുള്ളത്.