• admin

  • January 24 , 2020

: അസാധാരണമായ യോനീസ്രവവും അസ്വസ്ഥതകളും അണുബാധയുടെ ലക്ഷണമാണ്. 75 ശതമാനം സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും അണുബാധ ഉണ്ടാവാറുണ്ട്. യോനിക്ക് സഹജമായ നനവ് നല്‍കുന്ന വെളുത്ത സ്രവങ്ങളുണ്ട്. എന്നാല്‍ അണുബാധയുണ്ടാകുമ്പോള്‍ ഈ സ്രവത്തിന് നിറം മാറ്റവും ദുര്‍ഗന്ധവും ഉണ്ടാകും. ചില വ്യാജന്‍മാര്‍ ഇതിനെ അസ്ഥി ഉരുകി പോകുന്നതാണെന്ന് പറയും. ഇതിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓര്‍ക്കുക. ക്ലമിനഡിയാസിസ് ഇന്‍ഫെക്ഷന്‍, ഗോണേറിയ എന്നീ രോഗങ്ങള്‍ ബാധിക്കുമ്പോഴും ഇതേ ലക്ഷണങ്ങള്‍ തന്നെയാണ്. ഇവ അപൂര്‍വമായി മാത്രമേ വരാറുള്ളൂ. അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ വേഗം തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കാം. അല്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ക്ക് കാരണമാകും. പലതരം അണുബാധകള്‍ 1. ബാക്ടീരിയല്‍ വജൈനോസിസ് വെളുത്തതോ ചാരനിറത്തോട് കൂടിയതോ ആയ ദുര്‍ഗന്ധമുള്ള സ്രവമാണ് ഇതിന്റെ ആദ്യ ലക്ഷണം. യോനി ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തരം സ്രവമായിരിക്കും ഇത്. ചെറുപ്രായത്തിലേയുള്ള ലൈംഗികബന്ധം, പുകവലി, കോപ്പര്‍ ടീ പോലെയുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, ഒന്നിലധികം ലൈംഗിക പങ്കാളികള്‍, ആര്‍ത്തവ സമയത്തെ ലൈംഗിക ബന്ധം എന്നിവയാണ് കാരണങ്ങള്‍. അണുബാധ വന്നുകഴിഞ്ഞാല്‍ വീര്യം കൂടിയ സോപ്പ്് ഉപയോഗിച്ച് യോനീഭാഗം കഴുകുന്നവരുണ്ട്. ഇത് രോഗം കൂടാന്‍ കാരണമാകും. ആന്റിബയോട്ടിക് ഗുളികകളും യോനിക്കുള്ളില്‍ കടത്തി വയ്ക്കുന്ന ഗുളികകളും ഉപയോഗിച്ചാണ് ചികിത്സ. ലൈംഗികബന്ധത്തിലൂടെ പകരുന്നതല്ലാത്തതിനാല്‍ പങ്കാളിക്ക് ചികിത്സ വേണ്ട. 2. കാന്‍ഡിഡിയായിസ് സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്ന അണുബാധയാണിത്. തൈരുപോലെയുള്ള സ്രവം, യോനീ ഭാഗത്ത് ചൊറിച്ചില്‍ വേദന എന്നിവയും ഉണ്ടാവും. ആന്റിബയോട്ടിക്കുകളുടെ കൂടുതലായ ഉപയോഗം, സ്റ്റിറോയിഡുകളുടെ ഉപയോഗം, സിന്തെറ്റിക്ക് അടിവസ്ത്രങ്ങള്‍, ശുചിത്വമില്ലായ്മ, പ്രമേഹം, അമിതവണ്ണം, ഗര്‍ഭധാരണം എന്നവയെല്ലാം കാരണങ്ങളാണ്. ഫംഗസ് ബാധയായതിനാല്‍ ആന്റിഫംഗല്‍ മരുന്നുകളും ക്രീമുകളുമാണ് ചികിത്സക്ക് ഉപയോഗിക്കുക. 3. ട്രൈക്കോമോണാസ് വജൈനാലിസ് ഗര്‍ഭാശയമുഖം, യോനീഭാഗം എന്നിവ ചുവന്ന നിറത്തിലാകുന്നതാണ് ലക്ഷണം. മഞ്ഞകലര്‍ന്നപച്ച സ്രവത്തിന് ദുര്‍ഗന്ധവും ഉണ്ടാകും. യോനീഭാഗത്ത് ചൊറിച്ചിലും വേദനയും ഉണ്ടാകാറുണ്ട്. പകരാന്‍ ഇടയുള്ള രോഗമായതിനാല്‍ ഇത്തരം അണുബാധയില്‍ നിര്‍ബന്ധമായും പങ്കാളിയെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കണം. അപകടങ്ങള്‍ പരിഹാരങ്ങള്‍ ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഗര്‍ഭിണികളിലാണ് അണുബാധ ഉണ്ടാകുന്നതെങ്കില്‍ അത് കുഞ്ഞിനെയും ബാധിക്കാം. മാസം തികയാതെയുള്ള പ്രസവം, അംനിയോടിക് ഫല്‍യിഡ് പൊട്ടിപോവുക ഇങ്ങനെ ഗുരുതര മായ പ്രശ്നങ്ങള്‍ വരാം. യോനീഭാഗം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തില്‍ മാത്രമേ കഴുകാവൂ. വ്യക്തിശുചിത്വം പാലിക്കണം. ഉണങ്ങിയതും വൃത്തിയുള്ളതുമായ കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ആര്‍ത്തവകാലത്ത് സാനിറ്ററി പാഡുകള്‍ നാല് മണിക്കൂറിടവിട്ട് മാറ്റണം. അമിതവണ്ണം കുറയ്ക്കാം. ചിട്ടയായ ജീവിതരീതികള്‍ ശീലമാക്കാം. അണുബാധയുണ്ടായാല്‍ ആദ്യത്തെ ഒരാഴ്ചയെങ്കിലും ലൈംഗികബന്ധം ഒഴിവാക്കുക.