• admin

  • February 5 , 2020

ന്യൂഡല്‍ഹി : സൈന്യത്തിന്റെ കമാന്‍ഡിങ് പദവിയിലേക്ക് സ്ത്രീകള്‍ വരുന്നത് പുരുഷ സൈനികര്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഗ്രാമങ്ങളില്‍ നിന്ന് വരുന്ന സൈനികര്‍ക്ക് വനിതകളെ അവരുടെ മേധാവിയായി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ശാരീരികമായ അവസ്ഥകള്‍ കാരണം പുരുഷ-വനിതാ ഓഫീസര്‍മാരെ തുല്യമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്,ജസ്റ്റിസ് അജയ് റാസ്തൊഗി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മാതൃത്വം, ശിശു സംരക്ഷണം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെന്നും ഇത് സൈന്യത്തിന്റെ ചലനാത്മകതയെ ബാധിക്കുമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ആര്‍ ബാലസുബ്രഹ്മണ്യനും നീലാ ഗോഘലെയും പറഞ്ഞു. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ അസാധാരണമായ ധൈര്യം കാട്ടിയിട്ടുണ്ടെന്ന് വനിതാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും പറഞ്ഞു. പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം വെടിവെച്ചിടാന്‍ അഭിനന്ദന്‍ വര്‍ത്തമാനെ സഹായിച്ച ഫ്ലൈറ്റ് കണ്‍ട്രോളര്‍ മിന്റി അഗര്‍വാളിന് യുദ്ധ സേവ മെഡല്‍ നല്‍കിയ കാര്യം അവര്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടി. 14 വര്‍ഷം വരെ സേവനം നടത്തിയ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്റ് കമ്മീഷന്‍ നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കമാന്‍ഡിങ് ഓഫീസര്‍മാര്‍ സൈന്യത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടവരും നിര്‍ണായക സമയങ്ങളില്‍ തീരൂമാനങ്ങള്‍ എടുക്കേണ്ടവരുമാണ്. എന്നാല്‍ സ്ത്രീകളുടെ ശാരീരിക അവസ്ഥ ഇതിന് വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കമാന്‍ഡിങ് പദവിയില്‍ സ്ത്രീകളെ പൂര്‍ണമായി ഒഴുവാക്കുന്നത് ശരിയല്ലെന്ന് കോടതി സൂചിപ്പിച്ചു. സ്ത്രീകള്‍ക്ക് അനുയോജ്യമായ പദവികള്‍ നല്‍കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊലീസ് സേനയിലെ സ്ത്രീകളുടെ പ്രകടനം കോടതി സൂചിപ്പിച്ചു. അതത് സമയങ്ങളില്‍ ചിന്താഗതികളില്‍ മാറ്റം ആവശ്യമാണെന്ന് കോടതി നീരീക്ഷിച്ചു. സ്ത്രീകള്‍ക്ക് അവസരം നല്‍കണമെന്നും അവര്‍ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും കോടതി പറഞ്ഞു.