• admin

  • February 13 , 2020

: തിരുവനന്തപുരം: പൊലീസിന്റെ തിരകളും റൈഫിളുകളും കാണാതായി എന്നും ഡിജിപി ലോക്നാഥ് ബെഹ്റ ക്രമക്കേട് നടത്തി എന്നുമുളള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഗൗരവമായ കണ്ടെത്തലുകളില്‍ എന്‍ഐഎ, സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പൊലീസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. നാളെ ഗവര്‍ണറെ കണ്ടും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കും. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ പരിഗണനയിലാണ് സിഎജി റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ വരിക. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ ആണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എല്‍ഡിഎഫിന് ഒരംഗത്തിന്റെ മുന്‍തൂക്കമുള്ളതാണ് ഈ കമ്മിറ്റി. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമെങ്കില്‍ ഡിജിപിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുവരുത്തുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയും ചെയ്യാം. പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമക്കേടുകള്‍ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയില്‍ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാന്‍ ഡമ്മി വെടിയുണ്ടകള്‍ വച്ചു. ഇതിന്റെ ചിത്രം സഹിതമാണ് സിഎജി റിപ്പോര്‍ട്ട്.