• Lisha Mary

  • March 8 , 2020

തിരുവനന്തപുരം : കേരളത്തില്‍ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ബന്ധപ്പെടേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്. മുഖ്യമന്ത്രി കുറിപ്പില്‍ നിര്‍ദേശിച്ചു. ലോകത്ത് പല രാജ്യങ്ങളിലും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.