• admin

  • January 21 , 2020

പത്തനംതിട്ട : വിവാദങ്ങളൊഴിഞ്ഞു നിന്ന ഈ മണ്ഡലകാലത്ത് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളില്‍ പേര്‍ മല ചവിട്ടിയതായാണ് കണക്കുകള്‍. ജനുവരി 14 വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകര വിളക്ക് ഉത്സവ കാലത്തെ നടവരവ് 234 കോടി രൂപയാണ്. അന്തിമ കണക്കില്‍ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണില്‍ ഇത് 167 കോടിയായിരുന്നു. എന്നാല്‍ 2017-18 വര്‍ഷത്തില്‍ വരുമാനം 260 കോടിയായിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രണങ്ങളില്‍ വന്ന പാളിച്ചകളും തീര്‍ത്ഥാടകരോടുള്ള പൊലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാല്‍ മറ്റ് വലിയ വിവാദങ്ങളൊന്നും സന്നിധാനത്ത് ഉണ്ടായില്ല. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടന കാലത്ത് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങളും ശബരിമലയിലെ ആശങ്കകള്‍ അകറ്റി. കഴിഞ്ഞ മണ്ഡല മകര വിളക്കു കാലത്ത് യുവതീ പ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സര്‍ക്കാരിന്റെ നേര്‍ വിപരീത മുഖമായിരുന്നു ഇത്തവണത്തെ തീര്‍ത്ഥാടന കാലത്തുണ്ടായത്. മുഖ്യമന്ത്രിയുള്‍പ്പെടെ ആരും യുവതികളെത്തിയാല്‍ മലകയറ്റണമെന്ന നിലപാടെടുത്തില്ല. കഴിഞ്ഞ സീസണ്‍ കാലത്ത് സര്‍ക്കാര്‍ നയത്തിനൊപ്പം നിന്ന ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഇത്തവണ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോഴുണ്ടായ മനം മാറ്റവും ശ്രദ്ധേയമായി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം അദ്ദേഹം തീര്‍ത്ഥാടനകാലം മുഴുവന്‍ ആവര്‍ത്തിച്ചു.