• admin

  • January 4 , 2020

തൃശൂര്‍ : സി.വി.ഷിബു. തൃശൂര്‍: കാര്‍ഷികോല്‍പ്പന്ന സംസ്‌കരണം, മൂല്യവര്‍ദ്ധനവ് എന്നിവക്ക് പ്രാധാന്യം നല്‍കി സംസ്ഥാന കൃഷിവകുപ്പ് നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ തുടങ്ങി. ജനുവരി ഏഴ് വരെ നടക്കുന്ന വൈഗയുടെ ഔപചാരിക ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു. രാവിലെ പത്ത് മണിയോടെ വൈഗ നഗരിയിലെത്തിയ ഗവര്‍ണറെ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കഴിഞ്ഞ് സ്റ്റാളുകള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളന വേദിയിലെത്തിയത്. ചടങ്ങില്‍ വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍, ഗവ: ചീഫ് വിപ്പ് കെ.രാജന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ , തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസ്, കാര്‍ഷികോല്‍പ്പാദക കമ്മീഷണര്‍ ദേവേന്ദ്ര കുമാര്‍ സിംഗ്, കൃഷി ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂരില്‍ ഒരുക്കിയിരുന്നത്.