• admin

  • February 17 , 2020

തിരുവനന്തപുരം : രണ്ടാമത് ലോക കേരള സഭ ധൂര്‍ത്തിന്റെ സഭയായിരുന്നുവെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. സഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും മാത്രം ചെലവായത് 83 ലക്ഷം രൂപയാണ്. ഉച്ചയൂണിന് മാത്രം ഒരാള്‍ക്ക് ചെലവായത് 1700 രൂപയും നികുതിയുമാണ്. ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550 രൂപയും നികുതിയുമാണ്. ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ് ചെലവായത്. കോവളം രാവിസ് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. അതിനാലാണ് ഇത്രയും ഉയര്‍ന്ന തുക ചിലവായത്. 700പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഈ നിരക്കില്‍ ഒരുക്കിയിരുന്നു. ഭക്ഷണത്തിനു വേണ്ടി മൂന്നുദിവസത്തേക്ക് അറുപതുലക്ഷത്തോളം രൂപ ചിലവാക്കിയിട്ടുണ്ട്. താമസത്തിന് 23ലക്ഷത്തോളം രൂപയും ചിലവഴിച്ചു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, മാസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രതിനിധികള്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നത്. പരിപാടി നടന്നത് ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണെങ്കിലും ഡിസംബര്‍ 31 മുതല്‍ ജനുവരി നാലുവരെ താമസിക്കാനുള്ള സൗകര്യം പ്രതിനിധികള്‍ക്ക് ഒരുക്കിയിരുന്നു. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.