• admin

  • July 3 , 2020

ന്യൂഡൽഹി : ആഗോളതലത്തില്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് . കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 2,08,864 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു . ഇതോടെ ആകെ മരണം ഇതോടെ 5,23,947 ആയി കൂടി. അതേസമയം കോവിഡ് രൂക്ഷമായ ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് ഇവിടെ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. പുതുതായി 47,000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 1,496,858 ആളുകളിലാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 61,884 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,000 ന് മുകളിലാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ . എന്നാല്‍ അമേരിക്കയില്‍ മരണനിരക്ക് ഗണ്യമായി കുറയുന്നുണ്ട് ‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേര്‍ മാത്രമാണ് അമേരിക്കയില്‍ മരിച്ചത്. എന്നാല്‍ റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികള്‍ രൂക്ഷമാണ് . രണ്ടുരാജ്യങ്ങളിലും ആറ് ലക്ഷത്തിന് മുകളിലാണ് സ്ഥിരീകരിച്ച കോവിഡ് ബാധിതര്‍ ഉള്ളത്.