• Lisha Mary

  • April 9 , 2020

പത്തനംതിട്ട : രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരിലും കൊറോണ വൈറസ് പോസിറ്റീവായ സവിശേഷ സാഹചര്യത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയില്‍ പഠനം തുടങ്ങി. നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുന്നത്. ജില്ലക്ക് പുറത്തുള്ള സമാന കേസുകള്‍കൂടി പഠന വിഷയമാകും. ഡോക്ടര്‍മാരായ രശ്മി എം എസ്,നവീന്‍,ഗീതു മാത്യു, പാര്‍വതി എന്നിവരുടെ സംഘമാണ് പഠനം നടത്തുന്നത്. ഇവരോടൊപ്പം പുഷ്പഗിരി കോളേജിലെ രണ്ട് മെഡിക്കല്‍ പി.ജി.വിദ്യാര്‍ത്ഥികളും ഉണ്ട്. കൊറോണ വൈറസ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലും രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മൂന്ന് കേസുകളും സമാന സാഹചര്യത്തിലുള്ളതാണ്. തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ജില്ലയില്‍ നിലവിലുള്ള പൊതുജനാരോഗ്യ ജാഗ്രതാ സമിതിയെയാണ് പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങളോടെയും അല്ലാതെയും രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി, രോഗവ്യാപനം, ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് വേണ്ടിയുള്ള കാലയളവിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെക്കുറിച്ചെല്ലാം പഠനവിധേയമാക്കും. രോഗം സംശയിക്കാത്ത നിരവധി പേര്‍ വൈറസ് ബാധിതരായി സംസ്ഥാനത്താകമാനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് പഠനം നടത്താന്‍ തീരുമാനിച്ചത്. അതേസമയം സംസ്ഥാന തലത്തില്‍ മറ്റൊരു സംഘത്തെക്കൂടി പഠനം നടത്തുന്നതിന് നിയോഗിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും ഇപ്പോള്‍ നടക്കുന്നുണ്ട്.