• admin

  • March 4 , 2020

ഇടുക്കി : കുമളി ഇനി മോഡല്‍ ക്ലീന്‍ സിറ്റിയായി അറിയപ്പെടും. കുമളി ഗ്രാമപഞ്ചായത്ത് പൊതുവേദിയില്‍ നടന്ന യോഗത്തില്‍ വച്ച് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ കുമളിയെ മോഡല്‍ സിറ്റിയായി പ്രഖ്യാപിച്ചതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ് നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഹരിത അവാര്‍ഡ് ലഭിച്ചതിലൂടെ കുമളി, ജില്ലയ്ക്ക് തന്നെ മാതൃകയും അഭിമാനവുമായി മാറിയിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കുമളിക്ക് അവാര്‍ഡ് നേടാനായത്. ജില്ലയിലെ എല്ലാ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവും വൈദ്യുതി കണക്ഷനും ഉണ്ടാകുകയെന്നത് പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം നടപ്പാക്കുന്നതിലും കുമളി മുന്‍പന്തിയില്‍ എത്തണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷക ബിന്‍സി ജെയിംസിനെയും പുഷ്പകൃഷി ജില്ലാ ജേതാവ് സജി പറമ്പകത്തിനെയും മാലിന്യ സംസ്‌കരണരംഗത്ത് സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ജീവനക്കാരെയും ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് പൊതു പരിപാടികള്‍ നടത്തി മാതൃക കാണിച്ച കുമളി ലൂര്‍ദ് പള്ളി ഭാരവാഹികളെയും ജില്ലാ കലക്ടര്‍ ആദരിച്ചു. 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കുമളി ഗ്രാമപഞ്ചായത്തിന് മാലിന്യ സംസ്‌കരണം, ജലസ്രോതസ്സുകള്‍ വീണ്ടെടുക്കല്‍, ജൈവ കൃഷി പ്രോത്സാഹിപ്പിക്കല്‍ എന്നിവയിലുള്ള മികവ് മുന്‍ നിര്‍ത്തിയാണ് മികച്ച പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ് ലഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കൃഷിഭവന്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി നിര്‍വ്വഹിച്ചു. സ്വച്ഛ് ഭാരത മിഷന്‍ പ്രവര്‍ത്തനവും ലക്ഷ്യവും സംബന്ധിച്ച് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ജെസ്സീര്‍ വിശദീകരിച്ചു.മോഡല്‍ സിറ്റി എന്നതിനെ സംബന്ധിച്ചു പരിസ്ഥിതി എഞ്ചിനീയര്‍ എബി വര്‍ഗീസും ടൂറിസവും ശുചിത്വവും എന്ന വിഷയത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണിയും വിശദീകരിച്ചു. ക്ലീന്‍ കുമളി, ഗ്രീന്‍ കുമളി സൊസൈറ്റി ജീവനക്കാരനായിരുന്ന ഡ്രൈവര്‍ ബാബു ആനിക്കാടന്‍ കുടുംബ സഹായ നിധി യോഗത്തില്‍ വച്ച് വിതരണം ചെയ്തു.