• admin

  • October 6 , 2022

കൽപ്പറ്റ :   മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി. 2012 പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളേജ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന നൽകിയ മടക്കിമല ഭൂമിയിലല്ലെന്ന് 2018 ഒക്ടോബർ 30ന് അട്ടിമറിച്ചപ്പോൾ ഒരു ധർണ്ണ പോലും നടത്താത്ത പാർട്ടിയാണ് കേരള കോൺഗ്രസ് ജേക്കബ്. പകരം പ്രസ്താവന ഇറക്കി, ബോയ്സ് ടൗണിൽ പാരിസ്ഥിതിക പ്രശ്നം ഏറെയാണെന്ന് പറഞ്ഞ അതേ വർക്കിംഗ് ചെയർമാൻ, ഇപ്പോൾ ആക്ഷൻ കമ്മിറ്റിക്കെതിരെ തിരിഞ്ഞത്, സ്വന്തം വീട് സ്ഥിതി ചെയ്യുന്ന പനമരം പഞ്ചായത്ത് ആക്ഷൻ കമ്മിറ്റി യോഗത്തിൽ പോലും പങ്കെടുക്കാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ്... ഡി അബ്ദുള്ള ചെയർമാനും, ജെ. ഖാലിദ് ജനറൽ കൺവീനറും, ജോയ് ജാസ്മിൻ ട്രഷററുമായി പ്രവർത്തിക്കുന്ന ശക്തമായ പഞ്ചായത്ത് കമ്മിറ്റി പനമരത്ത് നിലവിലുണ്ട്. കണിയാമ്പറ്റ, കോട്ടത്തറ, കൽപ്പറ്റ മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി, മൂപ്പയിനാട്, ബത്തേരി, മീനങ്ങാടി, മുട്ടിൽ, പൂതാടി, മുള്ളൻകൊല്ലി, പഞ്ചായത്തുകളിൽ വിപുലമായ കമ്മിറ്റികൾ നിലവിലുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളിൽ യോഗങ്ങൾ നടന്നുവരികയാണ്. 2018 നിർദിഷ്ട മെഡിക്കൽ കോളേജ് കോട്ടത്തറയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോൾ ആക്ഷൻ കമ്മിറ്റി അല്ല രൂപീകരിക്കേണ്ടിയിരുന്നത്. യു.ഡി.എഫ്. ശക്തമായ പ്രതിരോധം തീർക്കേണ്ടിയിരുന്നു. അത് ഇല്ലാതെ പോയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്. മടക്കിമലയിൽ നിന്നും ചേലോട്ടേക്കും, അതിനിടയിൽ വിംസ് സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കലിലേക്കും മെഡിക്കൽ കോളേജിനെ വട്ടം ചുറ്റിച്ചപ്പോൾ കേരള കോൺഗ്രസ് ജേക്കബ് ഏത് മാളത്തിലാണ് ഒളിച്ചത്. ജനപ്രതിനിധികളെയും നാട്ടുകാരെയും വഞ്ചിച്ച് ജിയോളജിക്കൽ സർവേ റിപ്പോർട്ട് മറയാക്കി മടക്കിമലയിൽ നിന്നും മെഡിക്കൽ കോളേജ് അട്ടിമറിച്ചു എന്ന് ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല. അക്കാലത്ത് അതിന്റെ രേഖ പരിശോധിക്കുവാനും, സത്യം ജനത്തോട് തുറന്നുപറയാനും, ജനമുന്നേറ്റം രൂപപ്പെടുത്തിയെടുക്കാനും കഴിവും പ്രാപ്തിയും ഇല്ലാതെ പോയതിന് ആക്ഷൻ കമ്മിറ്റിയെ പഴിചാരിയിട്ട് കാര്യമില്ല. ജില്ലാ പഞ്ചായത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ജില്ലാ ആശുപത്രി വയനാടിന് നഷ്ടപ്പെടുത്തുന്ന അവസ്ഥയും, വയനാടിന്റെ വടക്കേ അറ്റത്ത് കണ്ണൂർ അതിർത്തിയിലുള്ള ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ കയ്യിൽ ഉണ്ടായിരുന്ന സ്ഥലം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് ഏൽപ്പിച്ച് മെഡിക്കൽ കോളേജ് നിർമ്മിക്കാൻ സർക്കാർ നീക്കം നടത്തുമ്പോഴും പ്രസ്താവന നടത്തി മാളത്തിൽ ഒളിച്ച കേരള കോൺഗ്രസ് ജേക്കബിനെ പോലെയല്ല ആക്ഷൻ കമ്മിറ്റി പ്രവർത്തിച്ചത്. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ കാര്യത്തിൽ മൗനം തുടർന്നപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ്. വിലകുറഞ്ഞതും തരംതാണതുമായ പ്രസ്താവന നടത്തി ഒരു ബസ്സിൽ കയറാവുന്ന ആളുള്ള കേരള കോൺഗ്രസ് ജേക്കബ് സ്വയം അപഹാസ്യരായി മാറരുത്. മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ ശക്തിയും പ്രസക്തിയും, ഒക്ടോബർ 10 മുതൽ വയനാടിന് ബോധ്യപ്പെടും. മെഡിക്കൽ കോളേജ് വിഷയത്തിൽ ആദ്യാവസാന കഥകൾ അടങ്ങിയ ധവളപത്രം അല്ല വയനാടൻ ജനതയ്ക്ക് ഇപ്പോൾ വേണ്ടത്. എല്ലാവർക്കും സ്വീകാര്യമായ, 2012 മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച കോട്ടത്തറ വില്ലേജിൽ തന്നെ അതിന്റെ നിർമ്മാണ പ്രവർത്തി ഏറ്റവും പെട്ടെന്ന് ആരംഭിക്കുകയാണ് വേണ്ടത്. ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടി, ജനറൽ കൺവീനർ വിജയൻ മടക്കിമല, ട്രഷറർ വി.പി. അബ്ദുൽ ഷുക്കൂർ, എന്നിവർ പറഞ്ഞു.