• admin

  • January 17 , 2020

ചെന്നൈ : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പി ജോണ്‍ പെന്നിക്വിക്കിന് ആദരവുമായി തമിഴ്‌നാട് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 15ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ജന്മദിനം വിപുലമായാണ് ആഘോഷിച്ചത്. അദ്ദേഹത്തിന്റെ നൂറ്റിയൊന്‍പതാം ജന്മദിനത്തിലാണ് ആദരസൂചകമായുള്ള പ്രഖ്യാപനം. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ലോവര്‍ക്യാമ്പിലുള്ള പെന്നിക്വിക്കിന്റെ സ്മാരകത്തില്‍ മാല ചാര്‍ത്തി. വരണ്ടുകിടന്ന തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡികല്‍, രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചതോടെയാണ് വെള്ളം ലഭിക്കാന്‍ തുടങ്ങിയത്. അണക്കെട്ടിന്റെ ശില്പിയായ ജോണ്‍ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് ഇവിടങ്ങളിലെ ജനങ്ങള്‍ കാണുന്നത്. എല്ലാ വര്‍ഷവും ജന്മദിനത്തില്‍ ആഘോഷപരിപാടികള്‍ നടത്താറുണ്ട്. ഈ ദിനം പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടുവരുകയായിരുന്നു. ബ്രിട്ടനിലെ പ്രശസ്തനായ എന്‍ജിനീയറായിരുന്നു ജോണ്‍ പെന്നിക്വിക്ക് . 1860 നവംബര്‍ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണത്തിന് നേതൃത്വം നല്‍കി. 1895-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണം പൂര്‍ത്തിയായി. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. 1911 മാര്‍ച്ച് ഒന്‍പതിന് എഴുപതാമത്തെ വയസ്സില്‍ കേംബര്‍ലിയില്‍ അദ്ദേഹം അന്തരിച്ചു.